
കൊച്ചി: അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശികൾ മുനമ്പത്ത് നിന്നും പിടിയിലായി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവിടെ താമസിച്ച് ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയാണ് പിടിയിലായത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശികൾ പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം.
ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.








